---
title: "വിദ്യയെ ആവളയില്‍ ഒളിച്ച് താമസിക്കാന്‍ അവസരമൊരുക്കിയതിന് തനിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പങ്കില്ല; എം. കുഞ്ഞമ്മദ് "
english_title: "Neither he nor the party workers were responsible for giving Vidya an opportunity to hide in Avala; M. Kunjammad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124261/vidya fack sertificate case neither-he-nor-the-party-workers-were-responsible-for-giving-vidya-an-opportunity-to-hide-in-avala-kuttoth-m-kunjammad"
published_at: "2023-06-22T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6494232ea9352_1_aw2.JPG"
keywords: []
---

# വിദ്യയെ ആവളയില്‍ ഒളിച്ച് താമസിക്കാന്‍ അവസരമൊരുക്കിയതിന് തനിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പങ്കില്ല; എം. കുഞ്ഞമ്മദ് 

> **Lead Summary:** പേരാമ്പ്ര : വിദ്യയെ ആവളയില്‍ ഒളിച്ച് താമസിക്കാന്‍ അവസരമൊരുക്കിയതിന് തനിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പങ്കിലെന്ന് സിപിഐ (എം) പേരാമ്പ്ര ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ് അറിയിച്ചു.

## Article Content

പേരാമ്പ്ര : വിദ്യയെ ആവളയില്‍ ഒളിച്ച് താമസിക്കാന്‍ അവസരമൊരുക്കിയതിന് തനിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പങ്കിലെന്ന് സിപിഐ (എം) പേരാമ്പ്ര ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ് അറിയിച്ചു.

ആവള കുട്ടോത്തെ ചില വിടുകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഊഹാപോഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പ്രതിയെ ഏത് വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ആരാണ് ഒളിവില്‍ താമസിപ്പിച്ചതെന്നും പറയേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എമ്മിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫും ബിജെപിയും പറയുന്നത് ഇതില്‍ ആവളയിലെ പ്രമുഖന് പങ്കുണ്ടെന്നാണ്. എന്റെ വീട് ആവളയിലാെണെന്നും തനിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകന് ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ആവള പാര്‍ട്ടി ഗ്രാമമല്ലെന്നും മഹാഭൂരിഭാഗം ആളുകളും സിപിഎം പ്രവര്‍ത്തകരാണെന്നും എം. കുഞ്ഞമ്മദ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ ആവളയിലെ വീട്ടുകാരെ ബേജാറാക്കണ്ടെന്നും ഏത് വീടാണെന്ന് പൊലീസ് പറയുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ് പതിനഞ്ച് ദിവസം വിദ്യ എവിടെയാണെന്ന് അറിയില്ലെന്നും പൊലീസ് പിടിക്കേണ്ടതായിരുന്നെന്നും പേരാമ്പ്രയിലെ പാര്‍ട്ടിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ഏതെങ്കിലും പഴയ എസ്എഫ്ഐക്കാരുടെ വീട്ടിലോ മറ്റോ താമസിപ്പിച്ചിരുന്നോ എന്ന് അറിയില്ലെന്നും അത് പറയേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.

ഒളിച്ചു താമസിച്ചു എന്നത് വസ്തുതയാണെന്നും അത് ആവളയിലാണെന്നതില്‍ തനിക്ക് ഇപ്പോഴും സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവളയിലെ വീട്ടില്‍ ഒളിപ്പിച്ചെന്ന് കോണ്‍ഗ്രസും ലീഗും ബിജെപിയും ആരോപിക്കുമ്പോള്‍ അവര്‍ വസ്തുത അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിനും എസ്എഫ്ഐക്കും എതിരെ വലിയ തോതിലുള്ള വാര്‍ത്ത കെട്ടിച്ചമക്കുന്നതിന്റെ ഭാഗമയാണ് ഇത്തരം ആരോപണമെന്നും എം. കുഞ്ഞമ്മദ് പറഞ്ഞു. പൊലീസ് വ്യക്തമാക്കണമെന്ന് അദ്ദേഹം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124261/vidya fack sertificate case neither-he-nor-the-party-workers-were-responsible-for-giving-vidya-an-opportunity-to-hide-in-avala-kuttoth-m-kunjammad)